അതേ… ആക്ഷൻ സിനിമകളുടെ കുറവ് അങ്ങ് തീർത്തുകൊടുത്തിട്ടുണ്ട്, മാസാണ് ടർബോ| ടർബോ റിവ്യൂ

രു നായകനും വില്ലനും, ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും. മാസ് മസാല ആക്ഷൻ സിനിമകളുടെ പൊതുസ്വഭാവമാണത്. ഈ രീതിയിലുള്ള ഒരു കൊമ്പുകോർക്കലിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമായ എല്ലാ വാണിജ്യഘടകങ്ങളും ചേർത്തിണക്കി രണ്ടര മണിക്കൂർ ബോറടിപ്പിക്കാതെ ഒരുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള പണി തന്നെയാണ്. ആ ജോലി ടർബോ എന്ന ചിത്രത്തിലൂടെ അനായാസം ചെയ്തുവിജയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി-മിഥുൻ മാനുവൽ തോമസ്-വൈശാഖ് ടീം. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ആക്ഷൻ മെ​ഗാ ഷോയാണ് ടർബോ എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കാം.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി തിരഞ്ഞെടുക്കുന്ന സിനിമകളിലും കഥാപാത്രങ്ങളിലും വൈവിധ്യം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിയെന്ന നടൻ. അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത വൈശാഖ് എന്ന സംവിധായകൻ. ഒപ്പം ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള മിഥുൻ മാനുവൽ തോമസ് എന്ന തിരക്കഥാകൃത്ത്. ഈ മൂവർസംഘം ആദ്യമായി ഒന്നിക്കുന്ന ചിത്രമാവുമ്പോൾ ആഘോഷക്കാഴ്ചകളിൽക്കുറഞ്ഞ ഒന്നും പ്രേക്ഷകർ പ്രതീക്ഷിക്കില്ല. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചിത്രത്തിനായിട്ടുണ്ട്. തുടങ്ങി ആദ്യ മിനിറ്റുകളിൽത്തന്നെ നടക്കാൻപോവുന്ന സംഭവങ്ങളേക്കുറിച്ചും അതിന്റെ ​ഗൗരവത്തേക്കുറിച്ചും കാണുന്നവരിൽ അടിത്തറപാകുന്നുണ്ട് മമ്മൂട്ടിയും ടീം ടർബോയും.

അമ്മയെ ജീവനുതുല്യം സ്നേഹിക്കുന്ന രാജാക്കാടുകാരൻ ജോസിന് അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന വ്യക്തികളും സാഹചര്യങ്ങളുമാണ് ടർബോ എന്ന സിനിമയുടെ അടിസ്ഥാനം. അതിനെ ജോസ് എങ്ങനെ നേരിടുന്നു എന്നതാണ് ടർബോയെ മുന്നോട്ടുനയിക്കുന്നത്. താരങ്ങളും കഥാപശ്ചാത്തലവും സാങ്കേതിക വിഭാ​ഗവും പരി​ഗണിച്ചാൽ ഒരു വലിയ സിനിമതന്നെയാണ് ടർബോ. മമ്മൂട്ടി കമ്പനി നിർമിച്ച ഏറ്റവും ചിലവേറിയ ചിത്രവുമാണ് ടർബോ.

മമ്മൂട്ടി അവതരിപ്പിക്കുന്ന ടർബോ ജോസ് ആണ് സിനിമയുടെ നെടുംതൂൺ. തന്നെ സിനിമയിൽ അവതരിപ്പിച്ച മമ്മൂട്ടിയെന്ന സൂപ്പർതാരത്തെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് സംവിധായകൻ വൈശാഖ്. വിഷ്ണു ശർമയുടെ ഓരോ ഫ്രെയിമിലും ജോസായി മാസ് കാണിക്കുകയാണ് മമ്മൂട്ടി. വെട്രിവേൽ ഷൺമുഖ പാണ്ഡ്യൻ എന്ന വില്ലൻ വേഷത്തിലൂടെ രാജ് ബി ഷെട്ടിയുടെ മലയാള അരങ്ങേറ്റം ​ഗംഭീരമായി എന്ന് നിസ്സംശയം പറയാം. ജോസും വെട്രിവേലും തമ്മിലുള്ള പോരാട്ടം പ്രേക്ഷകരെ ആവേശംകൊള്ളിക്കുന്നതാണ്. വില്ലൻ എത്രത്തോളം നന്നാവുന്നോ, നായകനും അത്രമേൽ ശക്തനാവും എന്നൊരു സിനിമാ പഴമൊഴിയുണ്ട്. അതിനെ സാധൂകരിക്കുന്നതാണ് ജോസും വെട്രിവേലും തമ്മിലുള്ള കൊമ്പുകോർക്കൽ. സമീപകാലത്തിറങ്ങിയ മലയാള വാണിജ്യ സിനിമകളിൽ വെട്രിവേലിനോളം ക്രൂരനായ മറ്റൊരു വില്ലനുണ്ടോ എന്ന് സംശയം ജനിപ്പിക്കുംവിധമായിരുന്നു രാജ് ബി ഷെട്ടിയുടെ പ്രകടനം.

ഓട്ടോ ബില്ല എന്ന വേഷത്തിലെത്തിയ തെലുങ്ക് നടൻ സുനിലും ആളുകളെ രസിപ്പിക്കുന്നുണ്ട്. മമ്മൂട്ടി, രാജ് ബി ഷെട്ടി എന്നിവർക്കൊപ്പംതന്നെ പ്രാധാന്യമുണ്ടായിരുന്നു അഞ്ജന അവതരിപ്പിച്ച ഇന്ദുലേഖ എന്ന കഥാപാത്രത്തിന്. ശബരീഷ് വർമ, നിരഞ്ജന അനൂപ്, ബിന്ദു പണിക്കർ, നിഷാന്ത് സാ​ഗർ, കബീർ ദുഹാൻ സിം​ഗ്, ദിലീഷ് പോത്തൻ, അമിന നിജാം, രാഹുൽ, അബിൻ ബിനോ, ആദർശ് സുകുമാരൻ, ജോണി ആന്റണി തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതിപുലർത്തി.

സാങ്കേതിക വിഭാ​ഗത്തിലേക്ക് വന്നാൽ സംഘട്ടന സംവിധായകൻ ഫീനിക്സ് പ്രഭു, സം​ഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ എന്നിവരേക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. രണ്ടുപേരും ചിത്രത്തിനായി അറിഞ്ഞ് പണിയെടുത്തിട്ടുണ്ട്. പീറ്റർ ഹെയ്ൻ, കനൽ കണ്ണൻ, രാം ലക്ഷ്മൺ പോലെ തെന്നിന്ത്യയിലെ തന്നെ മുതിർന്ന സംഘട്ടന സംവിധായകരെയാണ് വൈശാഖ് ഇതുവരെ തന്റെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ മലയാളത്തിൽ ഇതുവരെ ഒരു സീനിയർ താരത്തിന്റെ സിനിമപോലും ചെയ്യാത്ത ഫീനിക്സ് പ്രഭുവെന്ന യുവസാങ്കേതിക വിദ​ഗ്ധനെയാണ് വൈശാഖ് ടർബോയുടെ ആക്ഷൻ രം​ഗങ്ങൾക്കായി ചുമതലപ്പെടുത്തിയത്. കിട്ടിയ അവസരം പ്രഭു നന്നായി ഉപയോ​ഗിക്കുകയും ചെയ്തു. എണ്ണം പറഞ്ഞ, കണ്ടാൽ കയ്യടിപ്പിക്കുന്ന തരത്തിലുള്ള ആക്ഷൻ സീനുകളും ചേയ്സ് സീനുകളുമാണ് അദ്ദേഹം ടർബോയ്ക്ക് ഒരുക്കിയത്.

ഒരു മാസ് സിനിമയ്ക്ക് പശ്ചാത്തലസം​ഗീതം എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നുണ്ട് ക്രിസ്റ്റോ സേവ്യർ. ടർബോ ജോസ് എന്ന പക്കാ ലോക്കൽ നായകനെ അടിമുടി പവർഫുൾ ആക്കുന്നുണ്ട് ക്രിസ്റ്റോയുടെ പശ്ചാത്തലസം​ഗീതം. സംഘട്ടനരം​ഗങ്ങളിലും ചെയ്സ്-ഡ്രിഫ്റ്റ് രം​ഗങ്ങളിലും ക്രിസ്റ്റോയുടെ കയ്യൊപ്പ് കാണാം. ചുരുക്കിപ്പറഞ്ഞാൽ മലയാള സിനിമയിൽ അടുത്തിടെ വന്ന മുഴുനീള ആക്ഷൻ ചിത്രങ്ങളുടെ ക്ഷാമം ടർബോ തീർത്തുകൊടുത്തിട്ടുണ്ട്.

 

Reference

Denial of responsibility! Samachar Central is an automatic aggregator of Global media. In each content, the hyperlink to the primary source is specified. All trademarks belong to their rightful owners, and all materials to their authors. For any complaint, please reach us at – [email protected]. We will take necessary action within 24 hours.
DMCA compliant image

Leave a Comment